കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

  • എത്രയെത്ര ജാതികള്‍‍
  • ആചാരങ്ങള്‍
  • വിവാഹരീതികള്‍
  • മറക്കുട പിടിച്ച് പുറത്തേയ്ക്ക് പോകുന്ന നമ്പൂതിരി സ്ത്രീകള്‍
  • അങ്കംവെട്ടി തീരുമാനം കല്പിക്കല്‍



  • പുലപ്പേടിയും മണ്ണാപ്പേടിയും
    ഒരുകാലത്ത് കേരളത്തിലെ നായര്‍സ്ത്രീകളുടെ പേടിസ്വപ്ന മായിരുന്നു പുലപ്പേടിയും മണ്ണാപ്പേടിയും. ഒരു നിശ്ചിത മാസത്തില്‍ രാത്രികാലങ്ങളില്‍ നായര്‍ സ്ത്രീകളെ തൊട്ട് ഭ്രഷ്ടരാക്കി സ്വന്തമാക്കാനുള്ള അവകാശം മണ്ണാന്മാര്‍ക്കും, പുലയര്‍ക്കും ഉണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ഇത് തടയാന്‍ നായര്‍ ഭവനങ്ങളില്‍ പ്രത്യേക കാവലേര്‍പ്പെടുത്തിയിരുന്നു. ആചാരം പേടിച്ച് സ്ത്രീകള്‍ രാത്രി പുറത്തിറങ്ങാറില്ലായിരുന്നു. പറമ്പത്ത് ഒളിച്ചിരിക്കുന്ന താണജാതിയില്‍പ്പെട്ട പുരുഷന്മാര്‍ വീടിനുപുറത്ത് ഇറങ്ങുന്ന സ്ത്രീകളെ സ്പര്‍ശിക്കുകയോ, കല്ലോ കമ്പോ കൊണ്ട് എറിഞ്ഞു കൊള്ളിക്കുകയോ ചെയ്തശേഷം 'കണ്ടേ കണ്ടേ' എന്നുവിളിച്ചു പറയുന്നതോടെ ഭ്രഷ്ടായി. പിന്നീട് ആ സ്ത്രീ മണ്ണനോടോ പുലയനോടോ ആജീവനാന്തം താമസിക്കണം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അവളെ ബന്ധുക്കള്‍ ചേര്‍ന്നുതന്നെ വധിക്കുമായിരുന്നു. എന്നാല്‍ ഈ ആചാരത്തിന് ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരുന്നു. തനിച്ച് സഞ്ചരിക്കുന്നതോ, വീട്ടിനു പുറത്ത് ഇറങ്ങുന്ന സ്ത്രീകളെ മാത്രമേ ഇത്തരത്തില്‍ ഭ്രഷ്ടാക്കി സ്വന്തമാക്കാന്‍ അവകാശം ഉണ്ടായിരുന്നുള്ളൂ. മൂന്നുവയസ്സെങ്കിലും പ്രായമുള്ള ആണ്‍കുട്ടി ഒപ്പം ഉണ്ടെങ്കില്‍ അവരെ ഭ്രഷ്ടരാക്കാന്‍ പാടില്ല. ഗര്‍ഭിണിയായ സ്ത്രീയാണ് ഭ്രഷ്ടായതെങ്കില്‍ പ്രസവം കഴിഞ്ഞേ അവളെ സ്വന്തമാക്കാന്‍ പാടുള്ളൂ. പ്രത്യേകം പുരകെട്ടി അവളെ അവിടെ സൂക്ഷിയ്ക്കും. പ്രസവിക്കുന്നത് ആണ്‍കുട്ടി ആണെങ്കില്‍ അവള്‍ക്ക് ഭ്രഷ്ട് ഉണ്ടാകില്ല.











    1623
    ഡച്ചുകാരില്‍ കൗതുകം ഉണര്‍ത്തിയ
    സാമൂഹ്യസ്ഥിതി

    ജാവ ദ്വീപിലെ ബറ്റേവിയയെ കിഴക്കന്‍ ദേശത്തെ തലസ്ഥാനമാക്കിയ ഡച്ചുകാര്‍ കേരളം (മലബാര്‍) ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോള്‍ .

    ഇന്ത്യയില്‍ പോര്‍ട്ടുഗീസുകാരുടെ അധീനതയിലുള്ള ഗോവ പിടിച്ചെടുക്കുകയാണ് ഡച്ചുകാരുടെ ലക്ഷ്യം. ഇംഗ്ലീഷുകാരും വെറുതേയിരുന്നില്ല. ഇന്ത്യയിലെ ഭൂരിപക്ഷം പ്രദേശങ്ങളും അടക്കി ഭരിക്കുന്ന മുഗള്‍ സാമ്രാജ്യവുമായി കരാര്‍ ഉണ്ടാക്കി കൂടുതല്‍ കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അവര്‍ ഓടിനടക്കുകയാണിപ്പോള്‍ .

    പോര്‍ട്ടുഗീസുകാര്‍ വന്നതിനുശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യസ്ഥിതിയ്ക്ക് ഡച്ചുകാരും ഇംഗ്ലീഷുകാരും എത്തുമ്പോഴും വലിയ മാറ്റം ഉണ്ടായില്ല. നാടുവാഴികള്‍ (രാജാക്കന്മാര്‍) ഭരിച്ചിരുന്ന ഒട്ടേറെ രാജ്യങ്ങളായി അന്നും കേരളം ചിതറിക്കിടന്നിരുന്നു. ഒരു ഏകീകൃത ഭരണമോ, നിയമമോ ഉണ്ടായിരുന്നില്ല. നാടുവാഴികള്‍ക്ക് വിപുലമായ അധികാരങ്ങളുണ്ടായിരുന്നു. എന്നാല്‍ പൗരകാര്യങ്ങള്‍ക്കുവേണ്ടി സംഘടിപ്പിച്ചിരുന്ന നായന്മാരുള്‍പ്പെട്ട 'തറക്കൂട്ടങ്ങള്‍ ' നാടുവാഴികളുടെ ഭരണത്തെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്നു. കടല്‍ച്ചുങ്കമായിരുന്നു നാടുവാഴികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം.

    യുദ്ധാവസരങ്ങളില്‍ മാടമ്പിമാരാണ് നാടുവാഴികള്‍ക്ക് സൈനികസഹായം നല്കിയത്. ഇവരുടെ കീഴില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന കളരികള്‍ നാടുനീളെ ഉണ്ടായിരുന്നു. വടക്കന്‍ കേരളത്തില്‍ തീയരും സൈനികവൃത്തി സ്വീകരിച്ചിരുന്നു. കളരിയില്‍ സ്ത്രീകള്‍ക്കും പരിശീലനം നല്കിയിരുന്നു. രണ്ടു കക്ഷികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായാല്‍ അങ്കം വെട്ടി കാര്യം തീരുമാനിക്കുന്ന പതിവുണ്ടായിരുന്നു. കക്ഷികള്‍ നേരിട്ട് അങ്കം വെട്ടേണ്ട കാര്യമില്ലായിരുന്നു. പകരം, ഇതിനുവേണ്ടി പരിശീലനം ലഭിച്ച പോരാളികളായിരിക്കും പ്രതിഫലം സ്വീകരിച്ച് അങ്കം വെട്ടുന്നത്. ഇതിന് നാടുവാഴികളുടെ അനുവാദം ആവശ്യമായിരുന്നു. അങ്കം വെട്ടി മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്കുമായിരുന്നു. ജാതിയിലധിഷ്ഠിതമായിരുന്നു അന്നത്തെ സമൂഹം. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയും ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു. മരണശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ആളിന്റെ ശരീരം രണ്ടായി മുറിച്ച് കഴുവിലേറ്റുന്നതായിരുന്നു പതിവ്.

    സ്ത്രീകള്‍ക്ക് ഒരു പരിധിവരെ സ്വാതന്ത്ര്യം നല്കിയിരുന്നു. എന്നാല്‍ നമ്പൂതിരി സ്ത്രീ പുറത്തിറങ്ങിയാല്‍ മറക്കുട നിര്‍ബന്ധമായിരുന്നു. ക്രിസ്ത്യന്‍ സ്ത്രീകള്‍ മുട്ടാക്കും, മുസ്ലിം സ്ത്രീകള്‍ തട്ടവും ധരിച്ചിരുന്നു. നായര്‍ സ്ത്രീകള്‍ മനോഹരങ്ങളായ ആഭരണങ്ങളാണ് ധരിച്ചിരുന്നത്. സമൂഹത്തിന്റെ മുകള്‍ത്തട്ടില്‍ വൈദികരായ ബ്രാഹ്മണര്‍ക്കായിരുന്നു സ്വാധീനം. ക്ഷത്രിയ വര്‍ഗ്ഗത്തില്‍പ്പെട്ട രാജാക്കന്മാരെപ്പോലും അവരാണ് നിയന്ത്രിച്ചിരുന്നത്. ബ്രാഹ്മണരില്‍ തന്നെ നമ്പൂതിരിമാര്‍ക്കായിരുന്നു ഔന്നത്യം. നമ്പൂതിരി കുടുംബങ്ങളില്‍ മൂത്ത മകനേ ആ സമുദായത്തില്‍ നിന്നു വേളി കഴിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ ക്ഷത്രിയര്‍ , നായര്‍ , അമ്പലവാസികള്‍ തുടങ്ങിയ ജാതിയില്‍പ്പെട്ട സ്ത്രീകളുമായി സംബന്ധം കൂടുകയായിരുന്നു പതിവ്. ബ്രാഹ്മണര്‍ക്കു തൊട്ടുതാഴെയുള്ള പ്രധാനവര്‍ഗം നായന്മാരായിരുന്നു. അതിനുതാഴെ വരുന്ന പ്രധാന ജാതി ഈഴവരായിരുന്നു. പുലയര്‍ , പറയര്‍ , മുക്കുവര്‍ തുടങ്ങിയവരാണ് താണ ജാതിക്കാര്‍ . ഓരോ ജാതിക്കും അയിത്തം കല്പിച്ച് ബ്രാഹ്മണരില്‍ , നിന്നു മാറിനില്‍ക്കാനുള്ള ദൂരം നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അത് ചെയ്തില്ലെങ്കില്‍ ബ്രാഹ്മണര്‍ക്ക് ഭ്രഷ്ടാകും. ഇത് ഉണ്ടാകാതിരിക്കാന്‍ വഴി നടക്കുമ്പോഴും ഇടപെടുമ്പോഴും അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു.

    പുലയര്‍ , മണ്ണാന്‍മാര്‍ തുടങ്ങിയ താണ ജാതിയില്‍പ്പെട്ടവര്‍ക്ക് ചില പ്രത്യേക മാസങ്ങളില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളെ രാത്രികാലങ്ങളില്‍ അപഹരിക്കാന്‍ അനുവാദം നല്‍കിയിരുന്ന 'പുലപ്പേടി ', 'മണ്ണാപ്പേടി' തുടങ്ങിയ ആചാരങ്ങളും അന്ന് നിലവിലുണ്ടായിരുന്നു.

    ഇങ്ങനെ, പല വിധത്തിലുള്ള സാമൂഹ്യ ആചാരങ്ങളും വ്യവസ്ഥിതികളും നിലനിന്നിരുന്ന കേരളക്കരയിലാണ് പോര്‍ട്ടുഗീസുകാര്‍ക്കു ശേഷം ഡച്ചുകാരും ഇംഗ്ലീഷുകാരും എത്തിയിരിക്കുന്നത്. ഇതെല്ലാം ഡച്ചുകാര്‍ക്ക് കൗതുക കാഴ്ചകളായിരുന്നു.