കേരള വാര്‍ത്താ പത്രിക

Select old Issue :

സര്‍ക്കാര്‍ വരുമാനം 427 കോടി രൂപ കുറഞ്ഞു
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബറില്‍ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം 427 കോടി രൂപ കുറഞ്ഞതായി ധനകാര്യവകുപ്പിന്റെ കണക്കുകളില്‍ പറയുന്നു. വാണിജ്യനികുതിയില്‍ മാത്രം 200 കോടിയും വാറ്റ്വാറ്റിതര വാണിജ്യനികുതിയും കുറഞ്ഞിട്ടുണ്ട്. മദ്യവില്പന നികുതിയിനത്തില്‍ 27.3 ശതമാനം കുറഞ്ഞു, ഭൂരജിസ്ട്രേഷന്‍ വരുമാനത്തില്‍ 35 കോടി കുറവ് ഉണ്ടായി. രജിസ്റ്റര്‍ ചെയ്ത പ്രമാണങ്ങളില്‍ 14,966ന്റെ കുറവാണുണ്ടായത്. ലോട്ടറിയില്‍നിന്നും 168 കോടി കുറഞ്ഞു. എന്നാല്‍ മോട്ടോര്‍ വാഹനനികുതിയില്‍ നിന്നും 32 കോടി വര്‍ധന ഉണ്ടായി. പെട്രോള്‍ വിലവര്‍ധനവ്, പെട്രോള്‍ ഉത്പന്നങ്ങളുടെ വിലകൂട്ടല്‍, പമ്പുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചത് തുടങ്ങിയവ കാരണമാണ് പെട്രോള്‍ഡീസല്‍ വില്പനനികുതി കൂടിയതെന്ന് കണക്കുകൂട്ടുന്നു. സംസ്ഥാനത്തെ ചെറുകിട കച്ചവടം തളര്‍ച്ചയിലാണ്. ആഭരണവില്പന, വാഹനവില്പന എന്നിവ കുറഞ്ഞിട്ടുണ്ട്. അതേസമയം ഡിജിറ്റല്‍ ഇടപാടുകള്‍ വന്‍തോതില്‍ കൂടിയിട്ടുണ്ട്. തുണിക്കച്ചവടമേഖലയും മാന്ദ്യത്തിലാണ്.

ചരിത്ര കോണ്‍ഗ്രസ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ 77-ാം അന്താരാഷ്ട്ര സമ്മേളനം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഡിസംബര്‍ 29ന് കാര്യവട്ടം കേരള സര്‍വകലാശാല അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നും ധാരാളം ചരിത്രകാരന്മാര്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുത്തു. ചരിത്രകാരന്മാര്‍ ചരിത്രസത്യങ്ങളുടെ ഒരുവശം മാത്രം കാണുന്നത് ശരിയല്ലെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു. വാദങ്ങള്‍ ന്യായീകരിക്കാനായി ചരിത്രസത്യങ്ങളെ വളച്ചൊടിക്കാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥ്, സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.കെ.രാധാകൃഷ്ണന്‍, ചരിത്രകോണ്‍ഗ്രസ് അധ്യക്ഷ പ്രൊഫ. ഷിറിന്‍ മുസ്വി തുടങ്ങിയവര്‍ സംസാരിച്ചു.

കൊച്ചി സ്മാര്‍ട്ട് സിറ്റി 2021ല്‍ മുഖ്യമന്ത്രി
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാംഘട്ടം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ഒരു വര്‍ഷത്തിനുമുമ്പായി 2021ല്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പറഞ്ഞു. ദുബായ് ഹോള്‍ഡിങ്സ് അധികൃതരുമായി ചര്‍ച്ച നടത്തിയശേഷമാണ് അദ്ദേഹം ഇത് പറഞ്ഞത്. കേരളത്തിലെ ഡിജിറ്റല്‍ വിപ്ലവത്തിന് കൂടുതല്‍ വേഗത നല്‍കുമെന്നും അന്താരാഷ്ട്ര നിലവാരമുള്ള ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി നിക്ഷേപത്തിന് ഗാരന്റി
പ്രവാസികളുടെ നിക്ഷേപത്തിന് സംസ്ഥാന സര്‍ക്കാര്‍ ഗാരന്റി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികള്‍ക്ക് ഉറപ്പുനല്‍കി. പ്രമുഖ വ്യവസായികളെ ഉള്‍പ്പെടുത്തി പ്രവാസിനിക്ഷേപകൗണ്‍സിലും നിക്ഷേപസെല്ലും ഉടന്‍ രൂപീകരിക്കുമെന്ന് ദുബായില്‍ അദ്ദേഹം അറിയിച്ചു.

കേരള സിവില്‍ സര്‍വീസ് രൂപീകരിക്കാന്‍ തീരുമാനം
എതിര്‍പ്പുകളെ അവഗണിച്ച് കേരള സിവില്‍ സര്‍വീസ രൂപീകരിക്കാന്‍ സംസ്ഥാനമന്ത്രിസഭായോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രതിഷേധം കാരണം സിവില്‍ സര്‍വീസ് രൂപീകരണം കാലാകാലങ്ങളായി നീട്ടിവയ്ക്കുകയായിരുന്നു. 1957 മുതല്‍ ഉള്ള മന്ത്രിസഭ സിവില്‍സര്‍വീസ് രൂപീകരിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഇന്നോളം അത് നടപ്പാക്കിയിരുന്നില്ല.

125 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബ ആശുപത്രികളാകും
സംസ്ഥാനത്തെ 152 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാശുപത്രികളാക്കി മാറ്റാന്‍ തീരുമാനം. എക്സ്റേഇ.സി.ജി, ലാബ് സൗകര്യങ്ങളും രണ്ടില്‍ക്കുറയാത്ത ഡോക്ടര്‍മാരും ഇവിടെയുണ്ടാകും. ഒരു റവന്യൂബ്ലോക്കില്‍ ഒന്നെന്ന കണക്കിലും നിയമസഭാമണ്ഡലത്തില്‍ കുറഞ്ഞത് ഒന്ന് എന്ന കണക്കിനുമാണ് കുടുംബാശുപത്രികള്‍ വരുന്നത്. ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ലഭിക്കും.

അഞ്ചേരിബേബിവധം: മന്ത്രി മണി പ്രതി
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതവകുപ്പ് മന്ത്രി എം.എം. മണിയുടെ വിടുതല്‍ഹര്‍ജി തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി തള്ളി. ഇതോടെ മന്ത്രി പ്രതിയായി. ഇനി അദ്ദേഹം വിചാരണ നേരിടണം. സി.പി.എം ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ.ജയചന്ദ്രന്‍, സി.ഐ.ടി.യു മുന്‍ ജില്ലാസെക്രട്ടറി കെ.എ. ദാമോദരന്‍ എന്നിവരെയും പ്രതി ചേര്‍ത്തു.

സൗമ്യകേസ്: തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കും
സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അടുത്തയാഴ്ച തിരുത്തല്‍ഹര്‍ജി ഫയല്‍ ചെയ്യും.

ജിഷവധക്കേസ് വിചാരണ മാറ്റി
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ ജനുവരി 13ലേക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി മാറ്റി.

ഓണറേറിയം വര്‍ധിപ്പിച്ചു
കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാരുടെ ഓണറേറിയം 4000 രൂപയില്‍നിന്നും ആറായിരമാക്കി.

മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെ ദ്രുതപരിശോധന
തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനുമെതിരെ വിജിലന്‍സ് ദ്രുതപരിശോധന. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതി ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സി.പി.എം നേതാവും കാപ്പക്സ് മുന്‍ ഡയറക്ടര്‍ബോര്‍ഡ് അംഗവുമാണ് മേഴ്സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് തുളസീധരക്കുറുപ്പ്. 10.34 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആക്ഷേപം.

ഇരുന്നൂറോളം പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി
മന്ത്രിസഭാശുപാര്‍ശയില്‍ ഭേദഗതി വരുത്തി ഇരുന്നൂറോളം റാങ്ക് പട്ടികകളുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഇതനുസരിച്ച്് ഡിസംബര്‍ 31ന് മൂന്നുവര്‍ഷം തികയുന്നതും അടുത്ത ജൂണ്‍ 30 വരെയുള്ള കാലയളവില്‍ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നതുമായ റാങ്ക് പട്ടികകള്‍ അടത്ത ജൂണ്‍ 30 വരെ നീട്ടും. ഇതേവരെ നീട്ടാത്ത പട്ടികകള്‍ മാത്രമാണ് നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജലസ്വരാജ്
ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും ജലസംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജലസ്വരാജ് പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി 10 ലക്ഷം മഴക്കുഴികള്‍ നിര്‍മിക്കും. ആയിരം കുളങ്ങള്‍ വൃത്തിയാക്കും. ആയിരം താത്ക്കാലിക തടയിണകള്‍ നിര്‍മിക്കാനും നദികള്‍ ശുദ്ധീകരിക്കാനും പദ്ധതിയുണ്ട്.

ഫാ. ടോം ഉഴുന്നാലിനെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി
കഴിഞ്ഞ മാര്‍ച്ചില്‍ യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. "എന്നെ രക്ഷിക്കൂ"എന്ന് പറഞ്ഞ് ഫാ. അജ്ഞാതകേന്ദ്രത്തില്‍ നിന്നും മൊബൈലില്‍ കൂടി നടത്തിയ അഭ്യര്‍ഥന കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.

പ്രഭാവര്‍മയ്ക്ക് കേന്ദ്രസാഹിത്യ അവാര്‍ഡ്
പ്രമുഖകവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയ്ക്ക് 2016 ലെ കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചു. "ശ്യാമമാധവം"എന്ന കൃതിക്കാണ് അവാര്‍ഡ്.

എസ്.ബി.ടി. സാഹിത്യപുരസ്കാരങ്ങള്‍ സമര്‍പ്പിച്ചു
എസ്.ബി.ടി. മലയാളസമ്മേളനത്തില്‍ സാഹിത്യകാരന്‍ എം.മുകുന്ദന് എസ്.ബി.ടി. സുവര്‍ണമുദ്ര പുരസ്കാരം സമര്‍പ്പിച്ചു. മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് എസ്.ബി.ടി. മാനേജിങ് ഡയറക്ടര്‍ സി.ആര്‍. ശശികുമാര്‍ അദ്ദേഹത്തിന് പുരസ്കാരം നല്‍കിയത്.
പണത്തിനുവേണ്ടിയല്ല എന്നാല്‍ എഴുത്തുകാരനെ കൂടുതല്‍ എഴുതാന്‍ പുരസ്കാരങ്ങള്‍ പ്രചോദനമാകുമെന്ന് എം. മുകുന്ദന്‍ പറഞ്ഞു. പുരസ്കാരങ്ങള്‍ സംസാരിക്കും. ധൈര്യപൂര്‍വം ഇനിയും എഴുതാന്‍ അത് എഴുത്തുകാരനോട് ആവശ്യപ്പെടും. വായനക്കാരനില്ലാതെ എഴുത്തുകാരന് നിലനില്‍പില്ല. നമ്മുടേതായ എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാഴ്ചയാണ്. വലുത് ചെറുതിനെ വിഴുങ്ങുകയാണ്. എസ്.ബി.ടി. എസ്.ബി.ഐയില്‍ ലയിക്കുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ചെറുത് ഒരിടത്തും തോല്‍ക്കില്ല. പലചരക്ക് കടകള്‍ക്കും സ്വര്‍ണപണിശാലകള്‍ക്കും പകരം മാളുകളും ജൂവലറികളും നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.ബി.ടി. എം.ഡി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. മികച്ച ചെറുകഥാ സമാഹാരത്തിനുള്ള പുരസ്കാരം കെ.പി. രാമനുണ്ണിയും ബാലസാഹിത്യത്തിനുള്ള പുരസ്കാരം രാധിക സി.നായരും ഏറ്റുവാങ്ങി. മികച്ച സാഹിത്യ വിമര്‍ശനത്തിനുള്ള പുരസ്കാരം വത്സലന്‍ വാതുശ്ശേരിയും മികച്ച മാനവികപത്രലേഖനത്തിനുള്ള പുരസ്കാരം മാതൃഭൂമി സബ് എഡിറ്റര നിലീന അത്തോളിയും ഏറ്റുവാങ്ങി. മികച്ച കവിതാസമാഹാരത്തിനുള്ള പുരസ്കാരം പ്രഭാവര്‍മയ്ക്കു വേണ്ടി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. എസ്.ബി.ടി. ചീഫ് ജനറല്‍ മാനേജര്‍ എ.കെ. പ്രധാന്‍, എസ്.ബി.ടി. ജീവനക്കാരുടെ പ്രതിനിധികളായ ജി.ആര്‍. ജയകൃഷ്ണന്‍, കെ.എസ്കൃഷ്ണ, ജനറല്‍ മാനേജര്‍മാരായ സാംകുട്ടി മാത്യൂസ്, എം. ദേവിപ്രസാദ് എന്നിവര്‍ സംസാരിച്ചു.

ആധാര്‍: കേരളം നൂറിനരികെ
എല്ലാവര്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തിനരികെ കേരളം. 98.07 ശതമാനംപേര്‍ ആധാര്‍ സ്വന്തമാക്കി. 3,53,15,493 പേരില്‍ 3,46,35,689 പേര്‍ക്കും ആധാര്‍ കിട്ടി. ഡല്‍ഹി, തെലങ്കാന, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നൂറുശതമാനം എന്ന ലക്ഷ്യത്തിലെത്തിയിട്ടുണ്ട്.

എന്നാല്‍, കുട്ടികള്‍ക്ക് ആധാര്‍ നല്‍കിയതില്‍ ഒരു സംസ്ഥാനവും നൂറുശതമാനം നേട്ടം കൈവരിച്ചിട്ടില്ല. അങ്കണവാടികളിലെത്തി ആധാര്‍ എടുക്കുന്നതിനാല്‍ കേരളം ഈനേട്ടം എളുപ്പത്തില്‍ കൈവരിക്കുമെന്നാണ് പ്രതീക്ഷ. ആധാറിലെ വിവരങ്ങള്‍ തിരുത്താനും കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കിയിട്ടുണ്ട്.

ആധാര്‍ ജില്ലതിരിച്ച്
തിരുവനന്തപുരം 3286565
കൊല്ലം 2711132
പത്തനംതിട്ട 1307877
ആലപ്പുഴ 2216509
കോട്ടയം 2051919
ഇടുക്കി 1126907
എറണാകുളം 337996
തൃശ്ശൂര്‍ 3235645
പാലക്കാട് 2939458
മലപ്പുറം 4334162
കോഴിക്കോട് 3231468
വയനാട് 854064
കണ്ണൂര്‍ 2671596
കാസര്‍കോട് 1360391

കേരളത്തിലെ എട്ട് വില്ലേജുകള്‍ക്ക് കറന്‍സിരഹിത പദവി
കേരളത്തിലെ എട്ട് വില്ലേജുകള്‍ക്ക് കറന്‍സിരഹിത പദവി. ഇതില്‍ ആറും മലപ്പുറം ജില്ലയില്‍. ഇടുക്കി, കാസര്‍കോട് ജില്ലകളിലെ ഓരോ വില്ലേജും കറന്‍സിരഹിതപദവി സ്വന്തമാക്കി.
എടവണ്ണ, തൃക്കലങ്ങോട്, മലപ്പുറം, ചീക്കോട്, തേഞ്ഞിപ്പലം, പുളിക്കല്‍ എന്നിവയാണ് മലപ്പുറം ജില്ലയിലെ വില്ലേജുകള്‍. ഇടുക്കിയിലെ വണ്ണപ്പുറവും കാസര്‍കോടുള്ള ഇച്ചിലങ്ങോടുമാണ് മറ്റുള്ളവ. കേരളത്തിലെ എല്ലാ വില്ലേജിലും കറന്‍സിരഹിത ഇടപാടില്‍ പരിശീലനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കറന്‍സിരഹിത ഇടപാട് പഠിപ്പിച്ചാല്‍ പൊതുസേവനകേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പരിശീലനം ഊര്‍ജിതമായത്.

ശബരിമല: മണ്ഡലകാലവരുമാനം 141.18 കോടി രൂപ
മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തെ വരുമാനം 141.18 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14.76 കോടി രൂപയുടെ കൂടുതലാണിത്.

വീടുവയ്ക്കാന്‍ വയല്‍ നികത്താം
വീടുവയ്ക്കാന്‍ പഞ്ചായത്തുകളില്‍ പത്തും കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി മേഖലകളില്‍ അഞ്ചും സെന്റ വയല്‍ നികത്താനുള്ള ഉത്തരവ് ഇറങ്ങി. കളക്ടര്‍മാര്‍ക്കും ആര്‍.ഡി.ഒമാര്‍ക്കുമാണ് ഇതിനുള്ള അധികാരം.

വ്യവസായ ഇടനാഴി കൊച്ചിയിലേക്ക്
തമിഴ്നാട്ടിനും കര്‍ണാടകത്തിനും വിഭാവനം ചെയ്തിരുന്ന വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് കൂടി നീട്ടാനും നാളികേരം എണ്ണക്കുരുവായി പ്രഖ്യാപിക്കാനും ദക്ഷിണേന്ത്യന്‍ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തില്‍ ധാരണയായതായി അറിയുന്നു.

ലാവലിന്‍: ഹര്‍ജി ഫെബ്രുവരി 13 ലേക്ക് മാറ്റി
ലാവലിന്‍ കേസിലെ സി.ബി.ഐ നല്‍കിയ പുനഃപരിശോധനാഹര്‍ജി ഫെബ്രുവരി 13 ലേക്ക് മാറ്റി.

ചരമം
ആദര്‍ശരാഷ്ട്രീയത്തിന്റെ അവസാനകണ്ണി പി. വിശ്വംഭരന്‍
സോഷ്യലിസ്റ്റ് നേതാവും തിരുകൊച്ചി കേരള, ലോകസഭാമെമ്പറും ആദര്‍ശരാഷ്ട്രീയത്തിന്റെ അവസാനത്തെ ആള്‍രൂപമായിരുന്ന പി. വിശ്വംഭരന്‍ (91) കോവളത്തുള്ള വെള്ളാറിലെ സ്വവസതിയില്‍ ഡിസംബര്‍ 9ന് അന്തരിച്ചു. അവിവാഹിതനായിരുന്നു. കേരള രാഷ്ട്രീയത്തിലെ തിരുത്തല്‍ശക്തിയായിരുന്ന വിശ്വംഭരന്‍ കേന്ദ്രമന്ത്രി, ഗവര്‍ണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍പോലും ഉപേക്ഷിക്കാന്‍ തയ്യാറായ നേതാവായിരുന്നു.

വെള്ളിത്തിരയിലെ നായകന്‍ ജഗന്നാഥവര്‍മ
പ്രമുഖ നടനും കഥകളി കലാകാരനും മുന്‍ പോലീസ് ഓഫീസറുമായ ജഗന്നാഥവര്‍മ (77) അന്തരിച്ചു. 577 ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. സ്വഭാവനടനായും വില്ലനായും വെള്ളിത്തിരയില്‍ തിളങ്ങിനിന്നു. ശാന്താവര്‍മയാണ് ഭാര്യ. നടന്‍ മനുവര്‍മ മകനും പ്രിയവര്‍മ മകളുമാണ്. പ്രശസ്ത സംവിധായകന്‍ വിജിതമ്പിയും സിന്ധുവര്‍മയും മരുമക്കളാണ്.

പ്രൊഫ. രാധാശങ്കരനാരായണന്‍
മഹാരാഷ്ട്ര മുന്‍ഗവര്‍ണറും സംസ്ഥാന മന്ത്രിയും കോണ്‍ഗ്രസ നേതാവുമായ കെ.ശങ്കരനാരായണന്റെ ഭാര്യ പ്രൊഫ. രാധാശങ്കരനാരായണന്‍ (76) പാലക്കാട്ട് അന്തരിച്ചു.

കമാലുദ്ദീന്‍ ഹാജി
സൗജന്യവിദ്യാഭ്യാസപ്രവര്‍ത്തകനും ആല്‍ ആരിഫ് ഹോസപിറ്റല്‍ ചെയര്‍മാനുമായ ഡോ. എം.കെ. കമാലുദ്ദീന്‍ ഹാജി (83) തിരുവനന്തപുരത്ത് അന്തരിച്ചു.

ജോയിക്കുട്ടി പാലത്തുങ്കല്‍
സാഹിത്യകാരനായ ജോയിക്കുട്ടി പാലത്തുങ്കല്‍ ജോയിക്കുട്ടി (73) അന്തരിച്ചു.

സരസ്വതി കുഞ്ഞുകൃഷ്ണന്‍
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍അംഗവും കൊല്ലം ജില്ല ഡി.സി.സി. പ്രസിഡന്റുമായിരുന്ന സരസ്വതി കുഞ്ഞുകൃഷ്ണന്‍ (92) കൊല്ലത്ത് അന്തരിച്ചു.

അന്നത്തെ കാലം

കേരളത്തിന് 60 വയസ്സ്
(1956-2016)

ഐക്യകേരളത്തിന് മുഖവുര
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

1498ല്‍ പോര്‍ട്ടുഗീസ് നാവികന്‍ വാസ്ഗോഡിഗാമ കോഴിക്കോട്ട് എത്തുമ്പോള്‍ കേരളം ചെറുതും വലുതുമായി അനേകം നാട്ടുരാജ്യങ്ങളായിരുന്നു. അതില്‍ തെക്ക് വേണാടും മധ്യഭാഗത്ത് കൊച്ചിയും അതിനപ്പുറത്ത് കോഴിക്കോട് സാമൂതിരി രാജ്യവും വടക്കേയറ്റം കോലത്തുനാടും ആയിരുന്നു വലിയ രാജ്യങ്ങള്‍. പോര്‍ട്ടുഗീസുകാരെ തുടര്‍ന്ന് ഡച്ചുകാരും ഡെന്മാര്‍ക്കുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും കേരളത്തിലെത്തി. ഡച്ചുകാരോട് തോറ്റ പോര്‍ട്ടുഗീസുകാര്‍ ഗോവയിലേക്ക് പിന്‍വാങ്ങി. ഡെന്മാര്‍ക്കുകാരും പിന്നീട് കേരളത്തോട് വിടപറഞ്ഞു. പിന്നീടുള്ള വലിയ ശക്തികള്‍ ഇംഗ്ലീഷുകാരും (ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി) ഫ്രഞ്ചുകാരും ഡച്ചുകാരുമായിരുന്നു. കൊച്ചിരാജാവിനെ ചൊല്‍പ്പടിക്കുനിര്‍ത്തി അവിടെ നിന്നും തെക്കും വടക്കും കച്ചവടസാമ്രാജ്യം സ്ഥാപിക്കാന്‍ യത്നിച്ചിരുന്ന ഡച്ചുശക്തിയെ 1741ല്‍ കുളച്ചലില്‍ വച്ച് വേണാട് രാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തോല്‍പ്പിച്ചു. പിന്നീട് മാര്‍ത്താണ്ഡവര്‍മയുടെ പടയോട്ടമായിരുന്നു. അദ്ദേഹം പടനയിച്ച് കൊച്ചിയുടെ പടിവാതില്‍ക്കല്‍വരെ എത്തി. അതോടെ വേണാട് വിശാലമായ "തിരുവിതാംകൂര്‍" ആയി. ആ രാജ്യത്തെ തന്റെ കുലദൈവമായ ശ്രീപദ്മനാഭന് മാര്‍ത്താണ്ഡവര്‍മ "തൃപ്പടിദാനം" വഴി സമര്‍പ്പിച്ചു. അതോടെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ "ശ്രീപദ്മനാഭദാസന്‍മാര്‍" എന്നറിയപ്പെട്ടു. അതിനുമുമ്പ് വടക്കന്‍ കേരളത്തിലെത്തിയ ഫ്രഞ്ചുകാര്‍ മയ്യഴി പിടിച്ചെടുത്ത് "മാഹി"യാക്കി.

മാര്‍ത്താണ്ഡവര്‍മയ്ക്ക് ശേഷം അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തികതിരുനാള്‍ രാമവര്‍മ (1758-1788) തിരുവിതാംകൂര്‍ രാജാവായി. അദ്ദേഹത്തിന്റെ കാലത്താണ് കേരള രാജാക്കന്മാരെ ഞെട്ടിപ്പിച്ചുകൊണ്ട് മൈസൂരിലെ ഹൈദരാലിയും ടിപ്പുസുല്‍ത്താനും വടക്കന്‍ കേരളം ആക്രമിച്ചത്. ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അവിടെ നിന്നുള്ള പല രാജാക്കന്മാരും കീഴടങ്ങുകയോ പലായനം ചെയ്യുകയോ ചെയ്തു. 1756ല്‍ തുടങ്ങിയ ഈ ആക്രമണം അദ്ദേഹത്തിന്റെ മരണത്തോടെ മകന്‍ ടിപ്പു സുല്‍ത്താന്‍ ഏറ്റെടുത്തു. ടിപ്പു സുല്‍ത്താന്‍ അവസാനം തൃശ്ശൂര്‍ കടന്ന് തിരുവിതാംകൂര്‍ പിടിക്കാന്‍ പെരിയാര്‍ തീരം വരെ എത്തി. ഈ സമയത്ത് ഡച്ചുകാര്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ശക്തിയില്ലായിരുന്നു. ടിപ്പുവിനെ നേരിടാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കേ കഴിയൂവെന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയും മലബാര്‍കൊച്ചി രാജാക്കന്മാരും കണക്കുകൂട്ടി അവരോട് സഹായം അഭ്യര്‍ഥിച്ചു. അവസരം കാത്തിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് കമ്പനി മൈസൂരിനോട് യുദ്ധം പ്രഖ്യാപിച്ചു. ശ്രീരംഗപട്ടണം ഇംഗ്ലീഷുകാര്‍ വളഞ്ഞു. യുദ്ധത്തില്‍ ടിപ്പു തോറ്റു. ഇതേത്തുടര്‍ന്ന് 1792 ഫെബ്രുവരി 22-ാം തീയതി ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാര്‍ വഴി ടിപ്പു മലബാര്‍ പ്രദേശം മുഴുവന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. അവിടത്തെ രാജാക്കന്മാര്‍ക്ക് സ്ഥാനമാനങ്ങളും പദവിയും കരംഒഴിവ് വസ്തുക്കളും നല്‍കി മൂലയിലിരുത്തിയ ശേഷം മലബാര്‍ പ്രദേശം ഇംഗ്ലീഷുകാര്‍ ഒറ്റജില്ലയാക്കി. അത് "ബ്രിട്ടീഷ് മലബാര്‍" എന്നറിയപ്പെട്ടു. 1793 മാര്‍ച്ചിലായിരുന്നു ബ്രിട്ടീഷ് മലബാറിന്റെ ഉദ്ഘാടനം. ആദ്യം "കമ്മീഷണര്‍" എന്ന ഉദ്യോഗസ്ഥനും പിന്നീട് കളക്ടറും മലബാര്‍ ഭരിച്ചു. തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാര്‍ ഇംഗ്ലീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. ആണ്ടുതോറും കപ്പം കൊടുക്കാമെന്ന വ്യവസ്ഥയില്‍ കൊച്ചി 1791ല്‍ ആണ് ഇംഗ്ലീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ചത്. ഇംഗ്ലീഷുകാര്‍ കൊച്ചിക്ക് എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തു. തിരുവിതാംകൂറും 1795ല്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഇംഗ്ലീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. ഈ വര്‍ഷം യൂറോപ്പില്‍ ഡച്ചുകാരെ നെപ്പോളിയന്‍ തോല്‍പ്പിച്ചു. ഡച്ച് ഭരണാധികാരി ഇംഗ്ലണ്ടിലേക്ക് അഭയം പ്രാപിച്ചു. ഇതേത്തുടര്‍ന്ന് കൊച്ചിയിലെ ഡച്ചുകോട്ട ഇംഗ്ലീഷുകാര്‍ കൈവശപ്പെടുത്തി. പിന്നീട് ഡച്ചുകാര്‍ കൊച്ചിയില്‍ നിന്നും വിടപറഞ്ഞു. 1805ല്‍ ഈ ഉടമ്പടി പുതുക്കിയതോടെ തിരുവിതാംകൂറിന് രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് തിരുവിതാംകൂറിലും കൊച്ചിയിലും മഹാരാജാക്കന്മാരുടെ മുകളില്‍ അവരുടെ ഭരണം നിയന്ത്രിക്കാന്‍ "റസിഡന്റ്" എന്ന ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെട്ടു. അങ്ങനെ കേരളം മുഴുവന്‍ ഇംഗ്ലീഷുകാരുടെ കൈപ്പിടിയിലായി. സ്വാതന്ത്ര്യലബ്ധി വരെ ഇതായിരുന്നു സ്ഥിതി.

സ്വാതന്ത്ര്യസമരവും ഐക്യകേരളത്തിനുള്ള ആദ്യശ്രമവും
സ്വാതന്ത്ര്യസമരകാലത്താണ് "ഐക്യകേരളം" എന്ന ആവശ്യത്തിന് ശക്തികൂടിയത്. എന്നാല്‍ അതിനുമുമ്പു തന്നെ മൂന്നായിക്കിടക്കുന്ന മലയാളക്കര ഒന്നാകുമെന്നും, തിരുവനന്തപുരം, അതിന്റെ തലസ്ഥാനമാകുമെന്നും സ്വദേശാഭിമിനി രാമകൃഷ്ണപിള്ളയെപ്പോലുള്ളവര്‍ പ്രവചിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആദ്യം ശക്തിപ്പെട്ടത് മലബാറിലാണ്. ആദ്യകാലത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ മൂന്നുഭാഗത്തുനിന്നും പ്രതിനിധികള്‍ പങ്കെടുക്കാന്‍ തുടങ്ങി. ഇതില്‍ പ്രധാനം ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് സമ്മേളനമാണ്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. 1928 ഏപ്രിലില്‍ നടന്ന നാട്ടുരാജ്യപ്രജാസമ്മേളനം ഐക്യകേരളത്തിനുള്ള പ്രമേയം പാസ്സാക്കി. 1928 മേയില്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണ്. ഈ സമ്മേളനത്തിലും ഇതു സംബന്ധിച്ച് പ്രമേയം പാസ്സാക്കി. സ്വാതന്ത്ര്യസമരവും സാമൂഹ്യസാംസ്കാരിക സമ്മേളനങ്ങളും കേരളം ഒന്നാകണമെന്ന ചിന്താഗതി സൃഷ്ടിച്ചു.

അയിത്തത്തിനെതിരെയുള്ള ആദ്യസമരമായ വൈക്കം സത്യാഗ്രഹം (1924), ഗുരുവായൂര്‍ സമരം തുടങ്ങിയവയും കേരളജനതയെ മനസ്സുകൊണ്ട് ഒന്നാക്കി. 1938ല്‍ കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യകേരളത്തിനുവേണ്ടി നിവേദനം പ്രവര്‍ത്തകസമിതിക്കു നല്‍കി. 1946 മേയ് 26നാണ് ഐക്യകേരളത്തിന് വേണ്ടിയുള്ള ശക്തമായ യജ്ഞം കോണ്‍ഗ്രസ് തുടങ്ങിയത്. അന്നുകൂടിയ കെ.പി.സി. പ്രവര്‍ത്തകസമിതി, കൊച്ചിയിലെ പ്രജാമണ്ഡലം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്നിവയുടെ പ്രവര്‍ത്തക കമ്മിറ്റിയുടെ സംയുക്ത യോഗം വിളിച്ചുകൂട്ടി ഭാവിപരിപാടികള്‍ ആലോചിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റിനെ ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്ന് സംയുക്തയോഗം ജൂണില്‍ കൊച്ചിയില്‍ കൂടിയെങ്കിലും കാര്യമായ തീരുമാനം ഉണ്ടായില്ല. 1946 സെപ്റ്റംബര്‍ ഒന്നാംതീയതി കൂടിയ കെ.പി.സി.സി. യോഗം ഐക്യകേരളം യാഥാര്‍ഥ്യമാക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച് ഒരു സംയുക്ത സമിതി രൂപീകരിച്ചു. കെ. കേളപ്പന്‍, യു. ഗോപാലമേനോന്‍ (കണ്‍വീനര്‍മാര്‍), കെ.എ. ദാമോദരമേനോന്‍, മൊയ്തു മൗലവി, കെ. മാധവമേനോന്‍, പി. കുഞ്ഞിരാമന്‍, കമലം, പി. മാധവന്‍, ഇബ്രാഹിം എന്നിവരായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1948 ഒക്ടോബര്‍ 26ന് കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ നടന്ന യോഗം ഐക്യകേരള കോണ്‍ഗ്രസ് വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. ഇതുപ്രകാരം 1947 ഏപ്രിലില്‍ തൃശ്ശൂരില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐക്യകേരള സമ്മേളനത്തില്‍ കേരളത്തിന്റെ ഭാഗത്തുമുള്ള നേതാക്കളും സാംസ്കാരിക നായകന്മാരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്തു. കൊച്ചി രാജാവ് നേരിട്ട് സമ്മേളനത്തിലെത്തി ഐക്യകേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഐക്യകേരളത്തിനുവേണ്ടി നൂറംഗങ്ങളുള്ള സ്ഥിരം സമിതിയെ യോഗം തിരഞ്ഞെടുത്തു. പിന്നീട് ഇതിന്റെ ആഭിമുഖ്യത്തില്‍ ആലുവായിലും പാലക്കാട്ടും സമ്മേളനം നടന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഫോര്‍ട്ട് കൊച്ചി, ദക്ഷിണ കര്‍ണാടക ജില്ല, ലക്ഷദ്വീപ്, അമീന്‍ ദ്വീപുകള്‍, മയ്യഴി, നീലഗിരി ജില്ല, കുടക് ഇത്രയും സ്ഥലങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഐക്യകേരള കമ്മിറ്റിയുടെ ആവശ്യം. ഇതിന്റെ പേരില്‍ അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളും ഉടലെടുത്തു. ഇതിനിടയില്‍ സംസ്ഥാന പുനഃസംഘടനയെപ്പറ്റി പഠിക്കാന്‍ "ധാര്‍ കമ്മീഷന്‍" നിലവില്‍വന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജവഹര്‍ലാല്‍ നെഹ്റു, വല്ലഭായി പട്ടേല്‍, പട്ടാഭി സീതാരാമയ്യ എന്നിവര്‍ അടങ്ങിയ ജെ.വി.പി. കമ്മിറ്റിക്ക് രൂപംനല്‍കി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനം സൂക്ഷിച്ചുവേണമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഐക്യകേരളത്തിന് വേണ്ടിയുള്ള സമ്മേളനങ്ങളും ചര്‍ച്ചകളും നിവേദനം സമര്‍പ്പിക്കലും പിന്നീട് പലത് നടന്നു.

തിരുകൊച്ചി സംയോജനം
1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ സംയോജിപ്പിച്ചുകൊണ്ടുള്ള തിരുകൊച്ചി രൂപീകരണം ഐക്യകേരളത്തിനു മുന്നോടിയായിരുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാരുടെ സമ്മതപ്രകാരമായിരുന്നു നടപടി. തിരുവിതാംകൂര്‍ മഹാരാജാവ് പുതിയ സംസ്ഥാനത്തിന്റെ "രാജപ്രമുഖനായി". കൊച്ചി മഹാരാജാവ് സമസ്ത അവകാശങ്ങളും ജനങ്ങള്‍ക്കുവേണ്ടി ത്യജിക്കാന്‍ തയ്യാറായി സാധാരണ പൗരനായി മാറി. ഇരുസംസ്ഥാനത്തെ മന്ത്രിസഭകളും സംയോജിപ്പിച്ചു. തലസ്ഥാനം തിരുവനന്തപുരത്തായിരുന്നു. ഹൈക്കോടതി കൊച്ചിയില്‍ വേണമെന്നും തീരുമാനമായി.

തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നശേഷവും ഐക്യകേരളത്തിനുവേണ്ടിയുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. 1949 നവംബര്‍ മാസത്തില്‍ പാലക്കാട് കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ കൂടിയ മൂന്നാമത്തെ ഐക്യകേരള കണ്‍വെന്‍ഷന്‍ മലബാറും കൊച്ചിയും ഗൂഡല്ലൂരും കാസര്‍കോടും തിരുകൊച്ചിയും ചേര്‍ത്ത് രാജപ്രമുഖനില്ലാത്ത കേരള സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടു. 1953ല്‍ കെ.പി. കേശവമേനോന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാന പാര്‍ട്ടികളില്‍ നിന്നും നാല് പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രചാരണ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. പിന്നീട് ഇന്ത്യാസര്‍ക്കാര്‍ നിയമിച്ച സയ്യദ് ഫസല്‍ ആലി അധ്യക്ഷനും പണ്ഡിറ്റ് ഹൃദയനാഥ് കുല്‍സ്രൂ, സര്‍ദാര്‍ കെ.എം. പണിക്കര്‍ അംഗങ്ങളായുള്ള സംസ്ഥാന പുനഃസംഘടനാകമ്മീഷനാണ് കേരള രൂപീകരണത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

കേരളം രൂപംകൊണ്ടു
തെക്കന്‍ കാനറയിലെ കാസര്‍കോടിനെ മലബാറിനോടും മലബാറിനെ തിരുകൊച്ചിയോടും സംയോജിപ്പിച്ചും തിരുകൊച്ചിയിലെ ചെങ്കോട്ട വിഭജിച്ച് ഒരു ഭാഗവും തെക്കന്‍ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, വിളവന്‍കോട്, കല്‍ക്കുളം എന്നിവ തമിഴ്നാടിനോടും ചേര്‍ത്താണ് ഐക്യകേരളം രൂപീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. അപ്രകാരമുള്ള ഐക്യകേരളം 1956 നവംബര്‍ ഒന്നിന് നിലവില്‍ വന്നു. രാജപ്രമുഖന്‍ സാധാരണ പൗരനായി മാറിയതോടെ നൂറ്റാണ്ടുകള്‍ നിലനിന്ന രാജഭരണത്തിന്റെ അവസാനകണ്ണിയും അറ്റു.


ഉദ്ഘാടനച്ചടങ്ങുകള്‍
1956 നവംബര്‍ ഒന്നാംതീയതിയാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ ഐക്യകേരളത്തിന്റെ ഔദ്യോഗികച്ചടങ്ങുകള്‍ നടന്നത്. തലേദിവസം ദീപാവലിയായിരുന്നതിനാല്‍ നാടെങ്ങും ആഘോഷപരിപാടികളും പടക്കംപൊട്ടിക്കലും നടന്നു. നവംബര്‍ ഒന്നിന് രാവിലെ രണ്ട് പ്രധാന കാര്യങ്ങളാണ് അനന്തപുരിയില്‍ നടന്നത്. ഒന്ന് രാജഭരണത്തിന്റെ അവസാനമായിരുന്നു. നൂറ്റാണ്ടുകള്‍ നിലനിന്ന രാജഭരണത്തിന്റെ അവസാനകണ്ണിയായ തിരുകൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാളിന്റെ ഭരണം അവസാനിച്ചു. രണ്ടാമത്തേത് തലേദിവസം തന്നെ രാജപ്രമുഖന്റെ ഉപദേഷ്ടാവായ പി.എസ്. റാവുവിനെ ഐക്യകേരളത്തിന്റെ ആക്ടിങ് ഗവര്‍ണര്‍ ആയി ഇന്ത്യാ ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നു. മാത്രവുമല്ല, അദ്ദേഹത്തിന് ഗവര്‍ണര്‍ എന്ന നിലയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ തിരുകൊച്ചി ചീഫ് ജസ്റ്റീസിനെയാണ് ഇന്ത്യാസര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. രാവിലെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പി.എസ്.റാവു എത്തിയപ്പോള്‍ ആചാരബഹുമതികളോടെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. പിന്നീട് ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പി.എസ്. പ്രതിജ്ഞ ഏറ്റുചൊല്ലി ഗവര്‍ണറാകുകയും ചെയ്തു. ഇതിനുശേഷം ആക്ടിങ് ഗവര്‍ണറുടെ മുമ്പാകെ ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്തു. അതുകഴിഞ്ഞപ്പോള്‍ ദര്‍ബാര്‍ ഹാളില്‍ നിന്നും ആക്ടിങ് ഗവര്‍ണറുടെ നേതൃത്വത്തില്‍ ഘോഷയാത്രയായി എല്ലാവരും തൊട്ടടുത്ത സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങി. അവിടെ പതിനായിരക്കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. മലബാറില്‍ നിന്നുള്ള ദീപശിഖ അപ്പോള്‍ ആഘോഷത്തോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ കരഘോഷം ഉയര്‍ന്നു. പിന്നീട് ആക്ടിങ് ഗവര്‍ണര്‍ കേരളസംസ്ഥാനത്തിന്റെ ഉദ്ഘാടനപ്രസംഗം നടത്തി. മഹാകവി വള്ളത്തോള്‍ എഴുതിയ കവിത അദ്ദേഹത്തിനുപകരം മറ്റൊരാള്‍ വായിച്ചു. മദ്രാസ് ധനമന്ത്രി സി. സുബ്രഹ്മണ്യം അടക്കം ധാരാളം പ്രഗത്ഭവ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.